തീവണ്ടിയിൽ യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ കാരണം പുകവലി ചോദ്യം ചെയ്തതാണെന്ന് പോലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. പ്രതിയായ സുരേഷ് കുമാർ (50) പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തിയെന്നും, മാറി നിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ് പോലീസ് കണ്ടെത്തൽ.
ശുചിമുറിക്ക് സമീപം നിന്ന് പുകവലിക്കുകയായിരുന്ന പ്രതി, വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ് പ്രതി ട്രെയിനിൽ കയറിയതെന്നും, ഇയാൾക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. വധശ്രമം ഉൾപ്പെടെ 6 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം പാലോട് സ്വദേശിനിയായ ശ്രീക്കുട്ടിയുടെ (22) ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന് ശ്രീക്കുട്ടിയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു.ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്‌മെന്റിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി, ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ശ്രീക്കുട്ടി ട്രാക്കിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.



