തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് കുരുക്ക് മുറുകുന്നു. ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണ വാതിൽ ബെല്ലാരിയിലും പ്രദർശിപ്പിച്ചതായി മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും സ്വർണ്ണം വാങ്ങിച്ച ബെല്ലാരിയിലെ വ്യവസായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബെല്ലാരിയിലെ ജ്വല്ലറിയിൽ സ്വർണ്ണം വിറ്റുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷമ സംഘത്തിനു മൊഴി നൽകിയിരുന്നു. 2019ൽ പുതുക്കിപ്പണിത സ്വർണ്ണവാതിൽ ശബരിമലയിൽ എത്തിക്കുന്നതിനു മുന്നോടിയായി ബെല്ലാരിയിൽ എത്തിച്ചുവെന്നും ആയിരങ്ങളാണ് ദർശനം നടത്താനായി എത്തിയതെന്നും വെളിപ്പെടുത്തൽ.
കൂടാതെ സ്വർണ്ണ വാതിൽ പണിതു നൽകിയത് താൻ ആണെന്നും ഗോവർധൻ മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി മുഖേനയാണ് വാതിൽ സമർപ്പിക്കാനുള്ള അവസരം ലഭിച്ചതെന്നും സ്വർണ്ണവാതിൽ സമർപ്പിക്കാൻ കുടുംബസമേതം ശബരിമലയിൽ എത്തിയിരുന്നുവെന്നും ഗോവർധൻ. എന്നാൽ ദ്വാരപാലക ശില്പപാളികളിലെ സ്വർണ്ണം കുറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും സ്വർണ്ണം വാങ്ങാൻ ഇടയായ സാഹചര്യവും ഗോവർധൻ എസ്ഐടിയോട് വെളിപ്പെടുത്തി.
വ്യവസായിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തും. സ്വർണ്ണം പൂശിയ കമ്പനിയായ സ്മാർട്ട് ക്രിയേഷൻസിനേയും സംഭവത്തിൽ പ്രതിചേർക്കാൻ സാധ്യത. ഉണ്ണികൃഷ്ണന്റെ എല്ലാ ഇടപാടുകൾക്കും സ്മാർട്ട് ക്രിയേഷൻസും പിന്തുണ നൽകിയതായാണ് സൂചന. ശബരിമലയിൽ പ്രവർത്തനം ആരംഭിച്ചതുമുതലാണ് ഉണ്ണികൃഷ്ണൻ പോറ്റി റിയൽ എസ്റ്റേറ്റിൽ സജീവമായതെന്നും റിപ്പോർട്ട്.



