ഇറാനുമായുള്ള യുദ്ധം തുടരുന്നതിനായി 20,000 കോടി ഡോളർ (ഏകദേശം 18.64 ലക്ഷം കോടി രൂപ) അനുവദിക്കണമെന്ന് പെന്റഗൺ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഈ ഭീമമായ തുക അനുവദിക്കപ്പെട്ടാൽ മൂന്നാഴ്ച പിന്നിട്ട ഇറാൻ-ഇസ്രയേൽ സംഘർഷം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത. യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ ഇറാനിലെ 7,800 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതായും എണ്ണായിരത്തിലധികം യുദ്ധവിമാനങ്ങളും 120-ലേറെ ഇറാൻ കപ്പലുകളും തകർത്തതായും യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ മാത്രം ഏകദേശം 110 കോടി ഡോളറാണ് അമേരിക്ക ചെലവഴിച്ചത്.
പെന്റഗണിന്റെ പുതിയ ആവശ്യം അംഗീകരിക്കപ്പെട്ടാൽ അത് ഇറാന്റെ ആകെ ജിഡിപിയുടെ പകുതിയിലധികം വരുന്ന തുകയായിരിക്കും. 2025-ലെ കണക്കനുസരിച്ച് ഇറാന്റെ ജിഡിപി ഏകദേശം 35,600 കോടി ഡോളറാണ്. 2026 സാമ്പത്തിക വർഷത്തെ പ്രതിരോധ ആവശ്യങ്ങൾക്കായി യുഎസ് കോൺഗ്രസ് ഇതിനകം 838.5 ബില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പലതവണ പെന്റഗൺ അധിക ധനസഹായം തേടിയിരുന്നു. പെന്റഗണിന്റെ ഇപ്പോഴത്തെ ഈ ആവശ്യം വൈറ്റ് ഹൗസ് അംഗീകരിക്കുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.



