തലയിൽ ചൂടാൻ ഓസ്ട്രേലിയയി മുല്ലപ്പൂ കൊണ്ടുപോയ നടി നവ്യാ നായർ(Navya Nair) ക്ക് എട്ടിന്റെ പണി. മുല്ലപ്പൂ കൈവശം വെച്ചതിന്റെ പേരിൽ നവ്യയ്ക്കെതിരെ ഓസ്‌ട്രേലിയൻ ഭരണകൂടം പിഴ ചുമത്തി. മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് നടിയുടെ പക്കൽ നിന്ന് 15 സെന്റീമീറ്റർ മുല്ലപ്പൂ കണ്ടെടുത്തത്. ഇതിന് 1980 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1.25 ലക്ഷം ഇന്ത്യൻ രൂപ) പിഴയായി അടയ്ക്കാൻ ഓസ്‌ട്രേലിയൻ കൃഷി വകുപ്പ് നിർദ്ദേശിച്ചു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.
ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് താരം തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. വിമാനത്താവളത്തിൽ മുല്ലപ്പൂ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ പറഞ്ഞു. "ഇങ്ങോട്ട് വരുന്നതിന് മുൻപ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമായി മുറിച്ച് തന്നു. കൊച്ചി മുതൽ സിംഗപ്പൂർ വരെ ഒരു കഷ്ണം മുടിയിൽ അണിയാൻ അച്ഛൻ പറഞ്ഞു. സിംഗപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിംഗപ്പൂരിൽ നിന്ന് അണിയാനായി രണ്ടാമത്തെ കഷ്ണം എന്റെ ഹാൻഡ്ബാഗിൽ വെക്കാനും അദ്ദേഹം പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാൻ അത് എന്റെ ഹാൻഡ്ബാഗിൽ വെച്ചു," നവ്യ പറഞ്ഞു.
കൂടാതെ, താൻ ചെയ്തത് ഒരു തെറ്റാണെന്ന് അറിയാമെന്നും, പക്ഷേ അത് മനഃപൂർവമായിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു. അറിവില്ലായ്മ ഒരു ഒഴികഴിവല്ലെന്ന് തനിക്കറിയാമെന്നും, 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നും അധികൃതർ അറിയിച്ചതായും നവ്യ വ്യക്തമാക്കി.



