പ്രമുഖ ചലച്ചിത്ര സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തു. എറണാകുളം സൗത്ത് പോലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. 2022-ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
നാല് വർഷം മുൻപ് നടന്ന സംഭവമായതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. മൊഴി രേഖപ്പെടുത്തുന്നതിനായി ചിദംബരത്തിന് നോട്ടീസ് നൽകി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താനാണ് നീക്കം. 'മഞ്ഞുമ്മൽ ബോയ്സ്', 'ജാൻ എ മൻ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ചിദംബരം എസ്. പൊതുവാൾ.



