നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് പകരം നടൻ രമേശ് പിഷാരടിയെ മത്സരിപ്പിക്കാനാണ് നിലവിൽ ആലോചന നടക്കുന്നത്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേശ് പിഷാരടിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് പാലക്കാട് പിഷാരടിയുടെ പേരിന് മുൻഗണന ലഭിച്ചത്. ഇതിനുപുറമെ കണ്ണൻ ഗോപിനാഥന്റെ പേരും ചർച്ചകളിൽ ഉയർന്നു വന്നിരുന്നു.
കെപിസിസി തയ്യാറാക്കിയ ആദ്യ സ്ഥാനാർത്ഥി പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയ്ക്ക് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. അതേസമയം, സിറ്റിംഗ് മണ്ഡലങ്ങളും തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളും ഉൾപ്പെടുത്തിയ 50 പേരുടെ പട്ടിക ഏതു നിമിഷവും പുറത്തുവിടാൻ സജ്ജമാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയാണ് പട്ടികയിൽ അന്തിമ ചർച്ചകൾ നടത്തുന്നത്.



