സ്ഥാനാർത്ഥി നിർണ്ണയത്തിനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ അതീവ വൈകാരികമായി പ്രതികരിച്ചു. മന്ത്രിമാർക്കും നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗം പേർക്കും വീണ്ടും മത്സരിക്കാൻ അവസരം നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ, തന്നെ മാത്രം എന്തിനാണ് മാറ്റിനിർത്തുന്നതെന്ന് ശൈലജ ചോദ്യമുന്നയിച്ചു. മട്ടന്നൂർ മണ്ഡലവുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ടെന്നും അവിടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ അവർ, തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നീണ്ട ചർച്ചകൾക്കൊടുവിൽ ശൈലജ പേരാവൂരിൽ മത്സരിക്കട്ടെ എന്ന ധാരണയിൽ യോഗം എത്തിയെങ്കിലും ഇതിനോട് അവർ ഉടനടി പ്രതികരിച്ചിട്ടില്ല.
നേരത്തെ പേരാവൂർ മണ്ഡലത്തിലേക്ക് ഇരിട്ടി ഏരിയ സെക്രട്ടറിയുടെ പേരാണ് പരിഗണിച്ചിരുന്നത്. അതേസമയം, തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ലെന്നും പകരം ഭാര്യയും ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സനുമായ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാകുമെന്നുമാണ് വിവരം. മുതിർന്ന നേതാക്കളായ തോമസ് ഐസക്, എം.എം. മണി എന്നിവരെ ഇത്തവണ മത്സരരംഗത്തിറക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും. കൂടാതെ എം. സ്വരാജ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, ഇ.പി. ജയരാജൻ എന്നീ സെക്രട്ടറിയേറ്റ് അംഗങ്ങളും ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാകില്ലെന്നാണ് സൂചന.



