കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ "മറ്റേ മോനേ" എന്ന വിവാദ പരാമർശം തന്നെ ഉദ്ദേശിച്ചാകാൻ സാധ്യതയുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേരളത്തിൽ എയിംസ് (AIIMS) വരില്ലെന്ന് താൻ പറഞ്ഞതാകാം സുരേഷ് ഗോപിയെ ചൊടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തൃപ്പൂണിത്തുറയിൽ നടന്ന ബിജെപി പരിപാടിക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ ഈ പരാമർശം. എന്നാൽ സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഗണേഷ് കുമാർ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ താൻ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ചാണ്ടി ഉമ്മൻ ഇപ്പോൾ തനിക്കെതിരെ ആരോപണങ്ങളുമായി വരുന്നത്. കൂടാതെ, തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമലയിലെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന് തിരിച്ചടിയായെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ഈ വിഷയത്തിൽ സിപിഎം നിലപാടിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് തനിക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.



