D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കിയാൽ ഒരു പവൻ; യൂത്ത് കോൺഗ്രസ്
മന്ത്രി പ്രവർത്തകർക്ക് നേരെ ആക്രോശിച്ചു വരികയായിരുന്നുവെന്നും, ഇപ്പോൾ പുറത്തുവന്ന പരിക്കിന്റെ വിവരങ്ങൾ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നുമാണ് ഇവരുടെ നിലപാട്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ കെഎസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവം രാഷ്ട്രീയ നാടകമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മന്ത്രിയെ ആരെങ്കിലും ആക്രമിക്കുന്നതിന്റെയോ തള്ളുന്നതിന്റെയോ വീഡിയോ തെളിവ് ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം പാരിതോഷികമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.

മന്ത്രിക്ക് പരിക്കേറ്റത് കെഎസ് യു പ്രവർത്തകരുടെ കയ്യേറ്റം മൂലമാണെന്ന സിപിഎം വാദത്തെ പൊളിക്കാനാണ് ഈ വെല്ലുവിളിയെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു.റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളോ മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളോ തെളിവായി ഹാജരാക്കാൻ സാധിക്കുമോ എന്ന് യൂത്ത് കോൺഗ്രസ് ചോദിച്ചു. മന്ത്രി പ്രവർത്തകർക്ക് നേരെ ആക്രോശിച്ചു വരികയായിരുന്നുവെന്നും, ഇപ്പോൾ പുറത്തുവന്ന പരിക്കിന്റെ വിവരങ്ങൾ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നുമാണ് ഇവരുടെ നിലപാട്.

ഇന്നലെ വൈകിട്ട് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് മന്ത്രി. എന്നാൽ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആസൂത്രിത നീക്കമാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *