മലയാള സിനിമയുടെ പ്രിയ പ്രതിഭ ശ്രീനിവാസന്റെ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ഫിലിം ഫെയർ സൗത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു. ശ്രീനിവാസന്റെ അസാന്നിധ്യത്തിൽ ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഈ വേളയിൽ അമ്മയെക്കുറിച്ച് വിനീത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. പിതാവിന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും കരുത്തായി നിന്നത് അമ്മയാണെന്നും, അതിനാൽ തന്നെ ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അമ്മയ്ക്കുള്ളതാണെന്നുമാണ് പുരസ്‌കാര ശില്പം കയ്യിലേന്തിയ അമ്മയുടെ ചിത്രം പങ്കുവെച്ച് വിനീത് കുറിച്ചത്. ശ്രീനിവാസനൊപ്പം പ്രശസ്ത ചലച്ചിത്ര പ്രതിഭ ശ്രീകുമാരൻ തമ്പിയും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അർഹനായി.
ഇത്തവണത്തെ ഫിലിം ഫെയർ അവാർഡുകളിൽ മലയാള സിനിമ വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. 'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടി. 'ആടുജീവിതം' എന്ന ചിത്രം അഞ്ച് അവാർഡുകൾ കരസ്ഥമാക്കി. പൃഥ്വിരാജ് (മികച്ച നടൻ ക്രിട്ടിക്‌സ്), റഫീഖ് അഹമ്മദ് (വരികൾ), ജിതിൻ രാജ് (ഗായകൻ), കെ.ആർ. ഗോകുൽ (നവാഗത നടൻ), സുനിൽ കെ.എസ് (ഛായാഗ്രഹണം) എന്നിവരാണ് ഈ ചിത്രത്തിലൂടെ പുരസ്‌കാരങ്ങൾ നേടിയത്. 'കിഷ്‌കിന്ധാകാണ്ഡം' മികച്ച ചിത്രം (ക്രിട്ടിക്‌സ്), വിജയാരാഘവൻ (മികച്ച സഹനടൻ) എന്നിവയുൾപ്പെടെ നാല് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. മികച്ച നടൻ ക്രിട്ടിക്‌സ് പുരസ്‌കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടപ്പോൾ, അഭിമന്യു എസ്. തിലകൻ, മേതിൽ ദേവിക എന്നിവർ മികച്ച നവാഗത താരങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.



