കേരള സ്റ്റോറി 2 എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി. രമേശ് രംഗത്തെത്തി. കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് തീറ്റിക്കാറില്ലെന്നും സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും, താൽപ്പര്യമുള്ളവർ മാത്രം ചിത്രം കണ്ടാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ സത്യവാങ്മൂലം മാറ്റുകയാണെങ്കിൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിജെപി അത് പറയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം സിപിഐഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ സർക്കാർ ഇടപെട്ട് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഐടി അംഗങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തിയതായും, കടകംപള്ളിക്കെതിരെ തെളിവുണ്ടായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തന്ത്രിയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ തീരുമാനമാണെന്നും കടകംപള്ളിയെ സംരക്ഷിക്കാനാണ് ഇതെന്നും രമേശ് വിമർശിച്ചു. കൂടാതെ, പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് സംസ്ഥാനം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും, മാനദണ്ഡങ്ങൾ അംഗീകരിക്കാതെ പണം മാത്രം വേണമെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടിക്കെതിരെയും രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.



