അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച 40-കാരിയായ സോഫിയ സാഹുവിനെ എഫ്.ബി.ഐ (FBI) കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 13-നായിരുന്നു വിമാനത്തിനുള്ളിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിമാന ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വാഷിംഗ്ടൺ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി. ഫെബ്രുവരി 20-നാണ് കേസിലെ അടുത്ത വാദം കേൾക്കുന്നത്.
15 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ സോഫിയ വിമാനത്തിലെ ജീവനക്കാരെ ചവിട്ടുകയും തള്ളുകയും മുഖത്തടിക്കുകയും ചെയ്തതായി അധികൃതർ പറയുന്നു. ബഹളം വെച്ചതിനെത്തുടർന്ന് ശാന്തയാക്കാൻ ശ്രമിച്ച ജീവനക്കാരെ ഇവർ അസഭ്യം പറയുകയും ഹീൽ ഉള്ള ഷൂ ഉപയോഗിച്ച് ചവിട്ടുകയും ചെയ്തു. ഇവർ സീറ്റിൽ കയറി നിന്ന് ബഹളം വെച്ചതായും എഫ്.ബി.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. എന്നാൽ താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് സോഫിയയുടെ വാദം.



