D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
DYFI – SFI പ്രതിഷേധം; പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുരക്ഷ വർദ്ധിപ്പിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചതാണ് ഇതിൽ പ്രധാന നീക്കം. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് മറുപടിയായി..

പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുരക്ഷ വർദ്ധിപ്പിച്ചു.ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷസാധ്യത കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചതാണ് ഇതിൽ പ്രധാന നീക്കം. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് മറുപടിയായി ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ സംഘടനകൾ പ്രതിഷേധത്തിന് മുതിരുമെന്ന സൂചനയെത്തുടർന്നാണ് പ്രതിപക്ഷ നേതാവിന് സുരക്ഷ കൂട്ടിയത്.

വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയത്. തൈക്കാട് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് കമ്മിഷണറുടെ ഓഫീസിന് സമീപമുള്ള മന്ത്രിയുടെ വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി. വീടിന്റെ വാതിലിന് മുന്നിൽ റീത്ത് വെക്കുകയും കരിങ്കൊടി ഉയർത്തുകയും ചെയ്ത പ്രവർത്തകർ പിന്നീട് പുറത്തിറങ്ങി ഗേറ്റിന് മുന്നിൽ പ്രതിഷേധം തുടർന്നു.

സംഭവസമയത്ത് രണ്ട് പോലീസുകാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത് എന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ, മന്ത്രിമാരുടെയും മറ്റ് പ്രമുഖരുടെയും യാത്രകൾക്കും വസതികൾക്കും സുരക്ഷ വർദ്ധിപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നിർദ്ദേശം നൽകി. വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഡ്യൂട്ടിക്കായി വിന്യസിക്കാനും നിർദ്ദേശമുണ്ട്. വരും മണിക്കൂറുകളിൽ തിരിച്ചുള്ള പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് പോലീസ് ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *