D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സർക്കാർ പ്രതികാരം തീർത്തത്! ആരോപണവുമായി തന്ത്രി കണ്ഠരര് രാജീവര്
ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത് താനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും, പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്ത വിവരം അന്വേഷണസംഘം ബോധപൂർവം മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്നെ സർക്കാർ മനഃപൂർവം കുടുക്കിയതാണെന്ന് തന്ത്രി കണ്ഠരര് രാജീവര് ആരോപിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർത്തതും, നട എല്ലാ ദിവസവും തുറക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാത്തതുമാണ് തന്നോടുള്ള പകയ്ക്ക് കാരണമെന്നാണ് തന്ത്രിയുടെ പക്ഷം. ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത് താനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും, പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്ത വിവരം അന്വേഷണസംഘം ബോധപൂർവം മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഗൂഢാലോചനയിൽ തെളിവുകളില്ലെന്ന് നിരീക്ഷിച്ച കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസമാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും പൂജകളിൽ മാത്രമാണ് തന്ത്രിക്ക് ഉത്തരവാദിത്തമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇതേ കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറിനും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പടി കേസിലെ റിമാൻഡ് 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. എന്നാൽ, ദ്വാരപാലക ശില്പക്കേസിൽ റിമാൻഡ് തുടരുന്നതിനാൽ അദ്ദേഹത്തിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. കേസിൽ ഗൂഢാലോചന നടന്നതിന് മതിയായ തെളിവുകളില്ലെന്നും മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്ന ആരോപണത്തെ ദുർബലപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *