വടക്കൻ ഹൂസ്റ്റണിലെ 'ഡേസ് എലവേറ്റഡ്' എന്ന സ്മോക്ക് ഷോപ്പിനുള്ളിൽ കടയുടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഹൂസ്റ്റൺ റോസ്ലിൻ റോഡിലുള്ള കടയിൽ ശനിയാഴ്ച ഉച്ചയോടെ ജോലിക്ക് എത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് കരുതുന്നു.
കടയുടെ മുന്നിൽ ഉടമയുടെ കാർ കാണാത്തതിനെ തുടർന്ന് ജീവനക്കാരൻ അകത്തു കയറി പരിശോധിച്ചപ്പോഴാണ് കടയുടെ പിൻഭാഗത്ത് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കാറുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മരിച്ച വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹൂസ്റ്റൺ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.



