ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ആറ് വർഷത്തിന് ശേഷം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മതാചാരങ്ങളും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള നിയമപരമായ വിഷയങ്ങൾ പരിശോധിക്കാൻ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്ന കാര്യത്തിൽ ഈ ദിവസം തീരുമാനമുണ്ടായേക്കും. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട 67 ഹർജികളാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്.
2019-ൽ ഈ കേസ് ഒൻപതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ അതിലുണ്ടായിരുന്ന ജഡ്ജിമാരിൽ നിലവിൽ സർവീസിലുള്ള ഏക വ്യക്തിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒൻപതംഗ ബെഞ്ചിന്റെ വാദം എപ്പോൾ തുടങ്ങുമെന്ന കാര്യത്തിലും തിങ്കളാഴ്ച വ്യക്തത വന്നേക്കും. ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിനും തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കേണ്ടി വരും. നിലവിൽ യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഈ ഹർജികളിൽ വാദം പൂർത്തിയാകുമോ എന്നത് രാഷ്ട്രീയമായും ഏറെ നിർണ്ണായകമാണ്.



