ബസിനുള്ളിൽ വെച്ച് തന്നോട് ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിതയ്ക്ക് കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 21 ദിവസമായി ജയിലിൽ കഴിയുകയാണെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി. എന്നാൽ, ആത്മഹത്യ ചെയ്ത ദീപക്കിന്റെ മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിലാണ് വടകര സ്വദേശിയായ വി.കെ. ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയെ കുന്നമംഗലം മജിസ്ട്രേട്ട് കോടതി നേരത്തെ റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ തന്നെ തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മകൻ മരിച്ചത് വീഡിയോ പ്രചരിപ്പിച്ചതുകൊണ്ടാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഷിംജിതയുടെ മൊബൈൽ ഫോൺ നേരത്തെ തന്നെ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.



