D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫോൺ തകരാറിലായ മനോവിഷമത്തിൽ നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി
ഫോൺ നന്നാക്കാൻ കഴിയാത്തതിലും പകരം പിതാവിന്റെ ഫോൺ ലഭിക്കാത്തതിലും യുവാവ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

പത്തനംതിട്ട: മൊബൈൽ ഫോൺ തകരാറിലായതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ നഴ്സിങ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയും തമിഴ്‌നാട്ടിലെ നഴ്സിങ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയുമായ ആരോൺ അനിൽ ജോസ് (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഫോൺ നന്നാക്കാൻ കഴിയാത്തതിലും പകരം പിതാവിന്റെ ഫോൺ ലഭിക്കാത്തതിലും യുവാവ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൊബൈൽ ഫോണിന് അടിമയായിരുന്ന ആരോൺ, ഫോൺ തകരാറിലായതോടെ ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞ നിലയിലായിരുന്നു.

ആരോണിന്റെ മാതാവ് മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഒരു മാസമായി കാനഡയിലാണ്. പിതാവിനൊപ്പമാണ് ആരോൺ താമസിച്ചിരുന്നത്. സംഭവസ്ഥലത്തെത്തിയ തിരുവല്ല പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *