കൊല്ലം പുത്തൂരിൽ മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. വെണ്ടാർ അരീക്കൽ സ്വദേശിയും 'മുരാരി തന്ത്രി' എന്ന് അറിയപ്പെടുന്നവനുമായ രാജൻ ബാബുവിനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. നിലവിൽ ഒളിവിലുള്ള ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ജ്യോതിഷവുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം എത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ ബാധയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി മന്ത്രവാദത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെൺകുട്ടിയെ മാത്രം മുറിക്കുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടുമണിക്കൂറിലേറെയായിട്ടും കുട്ടി പുറത്തുവരാത്തതിനെത്തുടർന്ന് അമ്മ അകത്തുപോയി നോക്കിയപ്പോഴാണ് ദുരനുഭവം പുറത്തറിഞ്ഞത്. സംഭവമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ രാജൻ ബാബു രക്ഷപ്പെടുകയായിരുന്നു. പ്രതി ഉടൻ പിടിയിലാകുമെന്ന് പുത്തൂർ പോലീസ് അറിയിച്ചു.



