കൊച്ചി വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനട യാത്രക്കാരിയായ യുവതി മരിച്ചു. കൊല്ലം മാറനാട് സ്വദേശിനി ജി. ഗോപിക (31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ സ്വദേശിനി മുഹ്സിന (24) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ ആറ് മണിയോടെ വൈറ്റില മാർബിൾ ഷോപ്പിന് സമീപമായിരുന്നു അപകടം. സുഹൃത്തിനെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസ് കയറ്റി വിട്ട ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും എതിർദിശയിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപികയുടെ ജീവൻ രക്ഷിക്കാനായില്ല. പരേതനായ മനു മോഹനാണ് ഗോപികയുടെ ഭർത്താവ്. ശബരിനാഥ്, ആര്യനാഥ് എന്നിവർ മക്കളാണ്. ബി.ജെ.പി പവിത്രേശ്വരം ഏരിയ പ്രസിഡന്റ് ജെ. ജയചന്ദ്രബാബുവിന്റെയും ബി. അംബികയുടെയും മകളാണ് പരേതയായ ഗോപിക. സംഭവത്തിൽ ടാക്സി ഡ്രൈവർ വിവേക് സജീവിനെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്ത് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.



