പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി കേരള കോൺഗ്രസ് (എം) നേതാവും നെടുംപറമ്പിൽ ഫിനാൻസ് ഉടമയുമായ എൻ.എം. രാജു രംഗത്തെത്തി. ആന്റോ ആന്റണി തന്റെ പക്കൽനിന്ന് രണ്ട് കോടി രൂപ വാങ്ങിയിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്ന് രാജു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രണ്ട് മാസത്തിനുള്ളിൽ നൽകാമെന്ന ഉറപ്പിലായിരുന്നു പണം നൽകിയത്. തന്റെ സ്ഥാപനം പ്രതിസന്ധിയിലായ ഘട്ടത്തിൽ മകൾക്കൊപ്പം ചെന്ന് നേരിട്ട് കരഞ്ഞു അപേക്ഷിച്ചിട്ടും പണം നൽകാൻ എംപി തയ്യാറായില്ലെന്ന് രാജു പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായിരുന്ന കാലത്തെ വ്യക്തിപരമായ ബന്ധം വെച്ച് ഈടില്ലാതെയാണ് പണം നൽകിയതെന്നും, തുക തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നെടുംപറമ്പിൽ ഫിനാൻസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് രണ്ടര കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണം രാജു നിഷേധിച്ചു. തന്ത്രിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇഡിയും എസ്ഐടിയും നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്ഥാപനം പൂട്ടിയപ്പോൾ തനിക്ക് വലിയ തുക നഷ്ടമായെന്നും എന്നാൽ പരാതി നൽകിയില്ലെന്നും തന്ത്രി മുൻപ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.



