ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാർ നിലവിൽ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറച്ചു.
തുണിത്തരങ്ങൾ, ചെരുപ്പ്, തുകൽ ഉൽപ്പന്നങ്ങൾ, റബ്ബർ, പ്ലാസ്റ്റിക്, വാഹന സ്പെയർ പാർട്‌സ് എന്നിവയ്ക്ക് അമേരിക്കയിൽ ഇളവ് ലഭിക്കും. കൂടാതെ മരുന്നുകൾ, രത്നം, വജ്രം എന്നിവയുടെ നികുതി അമേരിക്ക പൂർണ്ണമായും ഒഴിവാക്കി. ഇന്ത്യൻ അരിയുടെ ഇറക്കുമതിക്ക് അമേരിക്ക മുൻഗണന നൽകുമെന്നും കരാറിൽ വ്യക്തമാക്കുന്നു.
അതേസമയം, അമേരിക്കയിൽ നിന്നുള്ള സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ് എന്നിവയ്ക്ക് ഇന്ത്യ തീരുവ ഒഴിവാക്കി. വിമാനങ്ങൾ, വിമാന ഭാഗങ്ങൾ, ബദാം, പഴങ്ങൾ തുടങ്ങിയ കാർഷിക വിഭവങ്ങൾ എന്നിവയുടെ നികുതിയിലും ഇന്ത്യ ഇളവ് നൽകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഇറക്കുമതി നടത്തുമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ പരസ്പരം ലഭ്യമാക്കാൻ ഈ കരാറിലൂടെ ധാരണയായി.



