പരവൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. കൂനയില്‍ പാലമൂട്ടില്‍ പടിഞ്ഞാറ്റതില്‍ രാജിത്ത് (28) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ യുവതിയുടെ വീടിന്റെ ജനല്‍ പൊളിച്ച് അകത്തുകയറിയ പ്രതി, ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ വേഗത്തില്‍ പിടികൂടി. പിടിയിലായ രാജിത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ രണ്ട് വധശ്രമക്കേസുകളും ലഹരിമരുന്ന് കേസുകളും (NDPS) ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനും മറ്റ് കേസുകളും നിലവിലുണ്ട്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അഖില്‍, ബിജു, എസ്‌സിപിഒ അനൂപ്, സിപിഒമാരായ വിശാഖ്, അന്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



