കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനും കെ. സുധാകരന്റെ വിശ്വസ്തനുമായ അഡ്വക്കേറ്റ് കിഷോർ ബാബു കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം ഇന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2022-ൽ കെ. സുധാകരൻ ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ച കിഷോർ ബാബു, ഇന്നലെ വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽ നിന്നേറ്റ അപമാനമാണ് പാർട്ടി വിടാൻ കാരണമായതെന്ന് അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ ആഴ്ച നടന്ന കോൺക്ലേവിൽ യുഡിഎഫ് കൺവീനറെയും വി.ഡി. സതീശനെയും ക്ഷണിച്ചതുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ വെച്ച് കെ.സി. വേണുഗോപാൽ തന്നെ ആക്ഷേപിച്ചുവെന്നാണ് കിഷോർ ബാബുവിന്റെ പരാതി. കെപിസിസി പ്രസിഡന്റിന് നൽകിയ രാജിയിൽ കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. വി.ഡി. സതീശനെ പരിപാടിയിലേക്ക് ക്ഷണിച്ചതിലുള്ള അതൃപ്തി വേണുഗോപാൽ പരസ്യമായി പ്രകടിപ്പിച്ചെന്നും ഇത് വ്യക്തിപരമായി വലിയ പ്രയാസമുണ്ടാക്കിയെന്നും രാജിയിൽ വ്യക്തമാക്കുന്നു.



