ജീവിതത്തിലെ പ്രതിസന്ധികളെ കരുത്തോടെ നേരിട്ട മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഭാവന, കരിയറിലെ കഠിനമായ കാലഘട്ടത്തിൽ കൂടെ നിന്നവരെയും തള്ളിപ്പറഞ്ഞവരെയും കുറിച്ച് മനസ്സ് തുറക്കുന്നു. കേസുമായി ബന്ധപ്പെട്ട ഘട്ടത്തിൽ കൂടെയുണ്ടാകുമെന്ന് കരുതിയ ചിലർ മൊഴി മാറ്റിപ്പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും അത് അവരുടെ തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി. ആരെങ്കിലും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല താൻ നിലപാടുകൾ എടുത്തതെന്നും ഭാവന കൂട്ടിച്ചേർത്തു.
കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണയ്‌ക്കൊപ്പം തന്നെ നേരിട്ട് പരിചയമില്ലാത്ത സാധാരണക്കാരായ പ്രേക്ഷകർ നൽകിയ സ്നേഹമാണ് തന്നെ വികാരാധീനയാക്കിയത്. പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് ലഭിച്ച ആ വലിയ പിന്തുണയ്ക്ക് വാക്കുകൾ കൊണ്ട് നന്ദി പറയാനാകില്ലെന്നും പ്രേക്ഷകരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമാണെന്നും ഭാവന പറഞ്ഞു.



