തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്തുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്ന് ചോദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി, കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നാളെ തന്നെ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. വ്യോമയാന നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രോസിക്യൂഷൻ അനുമതി കേന്ദ്ര സർക്കാർ നൽകാത്തതാണ് കാലതാമസത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിച്ചത് പോലീസിന് തിരിച്ചടിയായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് പാസ്‌പോർട്ട് പുതുക്കുന്നതിനായി നൽകിയ ഹർജി പരിഗണിക്കുന്നതിലുണ്ടായ കാലതാമസത്തിലും കോടതി അതൃപ്തി അറിയിച്ചു. റിപ്പോർട്ട് നൽകാൻ പ്രോസിക്യൂഷൻ ആവർത്തിച്ച് സമയം ചോദിച്ചതോടെയാണ് കോടതി കർശന നിലപാടെടുത്തത്. ഫർസീൻ മജീദിന് പുറമെ നവീൻ കുമാർ, സുധീപ് ജെയിംസ്, കെ.എസ്. ശബരീനാഥൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.



