ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ.യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. സ്വയം വെടിയുതിർത്ത് മരിച്ച അദ്ദേഹത്തിന്റെ നെഞ്ചിന്റെ ഇടതുവശത്താണ് വെടി ഏറ്റത്. അഞ്ചാം വാരിയെല്ലിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തിൽ തറച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബംഗളൂരുവിൽ നാളെ നടക്കാനിരിക്കുന്ന സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഐടി പരിശോധന നടക്കുന്നുണ്ടെന്നും, അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടുമെന്നും സിറ്റി പോലീസ് കമ്മീഷണർ സീമന്തകുമാർ അറിയിച്ചു. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും കൃത്യത്തിന് ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പിന്റെ ബിസിനസ് ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച വിരുന്നിൽ പ്രമുഖ മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്തവരെല്ലാം തന്നെ ആദായനികുതി വകുപ്പിന്റെയും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെയും നിരീക്ഷണത്തിലാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.



