ചെന്നൈ നന്ദനം ഗവൺമെന്റ് ആർട്സ് കോളേജ് കാന്റീനിൽ ജോലിക്ക് എത്തിയ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ കാന്റീൻ ഉടമ മുത്തു സെൽവം, ഹെഡ് ഷെഫ്, മറ്റൊരു ജീവനക്കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജോലി അന്വേഷിച്ച് സുഹൃത്തുക്കൾക്കൊപ്പം അരിയല്ലൂരിൽ നിന്ന് ചെന്നൈയിൽ എത്തിയതായിരുന്നു പെൺകുട്ടി. സുഹൃത്തിന്റെ സഹായത്തോടെ 20 ദിവസം മുൻപാണ് ഇവർ കാന്റീനിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.
യുവതിയുടെ മാനസികാവസ്ഥ മുതലെടുത്താണ് പ്രതികൾ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ ലഭിക്കുന്ന വിവരം. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 12 വർഷമായി ഈ കോളേജിൽ കരാർ അടിസ്ഥാനത്തിൽ കാന്റീൻ നടത്തിവരികയായിരുന്നു പിടിയിലായ മുത്തു സെൽവം.
ഇരയുടെ പരാതിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.



