തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം പിൻവലിക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി സംരക്ഷണ സമിതി രംഗത്തെത്തി. അനേകം തട്ടിപ്പ് കേസുകളിലും വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയായ വ്യക്തിക്ക് ഇത്തരമൊരു ബഹുമതി നൽകുന്നത് നിയമവിരുദ്ധമാണെന്ന് സമിതി ആരോപിച്ചു.
വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലും വെള്ളാപ്പള്ളി പ്രതിയാണെന്നും, പണം നൽകിയാണോ പുരസ്കാരം നേടിയതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകാനും കോടതിയെ സമീപിക്കാനുമാണ് ഇവരുടെ തീരുമാനം.
എന്നാൽ, എസ്എൻഡിപി യോഗത്തെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചതിനുള്ള അംഗീകാരമായാണ് തനിക്ക് പത്മഭൂഷൺ ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് എസ്എൻഡിപി ലക്ഷ്യമിടുന്നതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾ ഒഴികെ മറ്റാർക്കും തങ്ങളോടൊപ്പം ചേരാമെന്നും നായർ-ഈഴവ ഐക്യത്തിനപ്പുറമുള്ള വിശാലമായ ഐക്യമാണ് ആഗ്രഹിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.



