D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പിണറായിസം അവസാനിപ്പിക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ
പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബേപ്പൂരിന് ഇതിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം മുഴുവൻ യുഡിഎഫ് പിടിച്ചെടുക്കുമെന്നും അതിൽ ആദ്യത്തേത് ബേപ്പൂർ മണ്ഡലമായിരിക്കുമെന്നും പി.വി. അൻവർ. പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബേപ്പൂരിന് ഇതിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഭരണത്തെയും കുടുംബത്തെയും രൂക്ഷമായ ഭാഷയിലാണ് അൻവർ വിമർശിച്ചത്. 'പിണറായി മരുമോനിസം' ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണെന്നും പിണറായി വിജയന്റെ തകർച്ചയ്ക്ക് കാരണം മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും അദ്ദേഹം ആരോപിച്ചു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാക്കുന്നത് മരുമോനിസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ തരംഗം ഉണ്ടാകുമെന്നും യുഡിഎഫ് വൻ വിജയം നേടുമെന്നും അൻവർ പ്രവചിച്ചു. യുഡിഎഫിനോട് താൻ സീറ്റുകളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു ഉപാധിയുമില്ലാതെ പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നാണ് അൻവറിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *