കൊച്ചി ചോറ്റാനിക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായകമായ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വിവരം അറിഞ്ഞതിലുള്ള വിഷമം മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് പെൺകുട്ടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നാല് പേജുള്ള ഈ കുറിപ്പ് ലഭിച്ച കാര്യം ചോറ്റാനിക്കര പോലീസ് സ്ഥിരീകരിച്ചു.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലോക്ക് ആയതിനാൽ അത് പരിശോധിച്ചാൽ മാത്രമേ മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു. ഫോൺ അൺലോക്ക് ചെയ്ത് വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിരുവാണിയൂർ കക്കാട് സ്വദേശിയും ചോറ്റാനിക്കര ഗവ. വിഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ പതിനാറുകാരിയെയാണ് വീടിനടുത്തുള്ള 400 അടിയോളം ആഴമുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ സ്കൂളിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി. പാറമടയുടെ കരയിൽ കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കണ്ടെത്തിയിരുന്നു. മതാപിതാക്കളുടെ ഏക മകളാണ് മരിച്ച വിദ്യാർത്ഥിനി. നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



