പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച സാഹചര്യത്തിൽ, മുൻപ് താൻ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്‌കാരം വേണ്ടെന്നും തരാമെന്ന് പറഞ്ഞാലും വാങ്ങില്ലെന്നും മുൻപ് പറഞ്ഞിരുന്നത് അവാർഡുകളുടെ നിലവാരം പലപ്പോഴും താഴ്ന്നുപോകുന്നത് കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി വിവാദമുണ്ടാക്കി റേറ്റിങ് കൂട്ടാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും നല്ലത് പറയാൻ പഠിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തനിക്ക് ഈ പുരസ്‌കാരം ലഭിച്ചതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശയുണ്ടോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇതിനായി താൻ ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് പുരസ്‌കാരം ലഭിച്ചവർ അർഹതയുള്ളവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവേലിക്കരയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരാൾ വിളിച്ചുപറഞ്ഞപ്പോഴാണ് താൻ പുരസ്‌കാര വിവരം അറിയുന്നത്. താൻ ഈ പുരസ്‌കാരത്തിന് അർഹനാണോ എന്ന് തനിക്ക് തന്നെ സംശയമുണ്ടെന്നും, കിട്ടാൻ ആഗ്രഹിച്ചു നടക്കുന്നവർ വേറെയുമുണ്ടാകാമെന്നും പറഞ്ഞ വെള്ളാപ്പള്ളി, സമുദായം ഏൽപ്പിച്ച ഉത്തരവാദിത്തം സത്യസന്ധമായി ചെയ്യുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് വ്യക്തമാക്കി. മുൻപ് ഒരു അഭിമുഖത്തിൽ പത്മഭൂഷൺ പുരസ്‌കാരത്തിന് എന്ത് അന്തസ്സുണ്ടെന്നും അത് തരാമെന്ന് പറഞ്ഞാലും വാങ്ങില്ലെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞിരുന്നു.



