എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ഐക്യം പ്രായോഗികമല്ലെന്നും പരാജയപ്പെടുമെന്നുമാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തിയത്. ഐക്യശ്രമങ്ങൾക്ക് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുള്ളതിനാലാണ് പിന്മാറ്റമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എൻഎസ്എസ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാട് തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, ഐക്യത്തിനായി മുന്നോട്ട് വന്നവർക്ക് മറ്റ് രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് പിന്നീട് മനസ്സിലായതായി അദ്ദേഹം പറഞ്ഞു. ഐക്യചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളി നടേശനെ അറിയിച്ചിരുന്നു. ഐക്യത്തിൽ നിന്ന് പിന്മാറാനുള്ള പ്രമേയം സുകുമാരൻ നായർ തന്നെയാണ് യോഗത്തിൽ അവതരിപ്പിച്ചത്. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും സംഘടന ഇതേ നിലപാടിൽ ഉറച്ചുനിൽക്കുമായിരുന്നുവെന്നും, അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.



