പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള ജയരാജന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് പുലർച്ചെ നാലുമണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. ജയരാജനും ഭാര്യയും കട തുറക്കാനായി എത്തിയപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഉടൻതന്നെ ഇവർ പോലീസിനെയും അയൽവാസികളെയും വിവരം അറിയിച്ചു.
തിരുവല്ല പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രസവിച്ച് അധികനേരം ആകാത്ത നിലയിലായിരുന്നു കുഞ്ഞെന്ന് ജയരാജൻ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വരുന്ന പോലീസ്, പുലർച്ചെ ആ സമയത്ത് കടന്നുപോയ ഇരുചക്രവാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. വലിയ വാഹനങ്ങൾ അസ്വാഭാവികമായി അവിടെ നിർത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ നൽകുന്ന മൊഴി.



