തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ, മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി. എം.ടെക് ബിരുദധാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസം പോരെന്നും മോഡേൺ അല്ലെന്നും പറഞ്ഞ് ഉണ്ണികൃഷ്ണൻ നിരന്തരം പരിഹസിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. 200 പവൻ സ്വർണം നൽകിയിട്ടും സ്ത്രീധനം കുറവാണെന്നും 'ഐശ്വര്യം പോരെന്നും' പറഞ്ഞ് വിവാഹം കഴിഞ്ഞ ആറുവർഷമായി ഇയാൾ ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഈ ക്രൂരമായ പെരുമാറ്റമാണ് ഗ്രീമയെയും അമ്മ സജിതയെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. മരണത്തിന് മുൻപ് ഇവർ എഴുതിയ കുറിപ്പിലും ഉണ്ണികൃഷ്ണനാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അയർലൻഡിൽ പഠിക്കുകയായിരുന്ന ഉണ്ണികൃഷ്ണൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടിയിലായത്. മുംബൈയിൽ നിന്ന് ഇന്ന് ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഗ്രീമയെ മാനസികമായി തകർത്ത പീഡനവിവരങ്ങൾ ഉൾപ്പെടെ വിശദമായ മൊഴി ബന്ധുക്കൾ പോലീസിന് കൈമാറിയിട്ടുണ്ട്.



