തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ ഇഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് ഷിജിൽ നൽകിയ മൊഴി പുറത്തുവന്നു. ജനുവരി 16-ന് പുലർച്ചെ കുഞ്ഞ് ഉറക്കത്തിൽ മൂത്രമൊഴിച്ചതും തുടർന്ന് കരഞ്ഞതുമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഷിജിൽ സമ്മതിച്ചു. കുഞ്ഞ് കരഞ്ഞപ്പോൾ ഭാര്യ കൃഷ്ണപ്രിയ മുറിയിലെ ലൈറ്റ് ഇട്ടത് തന്റെ ഉറക്കം കെടുത്തിയെന്നും ഇത് തന്നെ പ്രകോപിപ്പിച്ചുവെന്നും ഷിജിൽ പോലീസിനോട് പറഞ്ഞു. ഇതിനിടെ മർദനമേറ്റ കുഞ്ഞ് വേദന കൊണ്ട് പുളഞ്ഞു കരഞ്ഞെങ്കിലും കുട്ടിക്ക് അസ്വസ്ഥതകളില്ലെന്ന് കരുതി അമ്മ വീണ്ടും ഉറക്കുകയായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ കുട്ടിയുടെ നില വഷളാവുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
സംഭവത്തിൽ താൻ നിരപരാധിയാണെന്നും ഭർത്താവാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദിയെന്നുമാണ് കൃഷ്ണപ്രിയയുടെ മൊഴി. ഭർത്താവിന് കുട്ടിയെ ഇഷ്ടമല്ലായിരുന്നുവെന്നും താനുമായി പിണക്കത്തിലായിരുന്ന ഷിജിൽ ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് കരുതിയില്ലെന്നും അമ്മ പറഞ്ഞു. അടിവയറ്റിലേറ്റ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കിയതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച ഷിജിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.



