തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ, മരുമകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. കമലേശ്വരം സ്വദേശി സജിത (54), മകൾ ഗ്രീമ (30) എന്നിവരെ ബുധനാഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങൾ സയനൈഡ് കഴിച്ച് മരിക്കുകയാണെന്നും, ഇതിന് ഉത്തരവാദി ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 200 പവൻ സ്വർണ്ണവും വീടും സ്ഥലവും സ്ത്രീധനമായി നൽകിയിട്ടും 25 ദിവസം മാത്രമാണ് മകൾ ഭർത്താവിനൊപ്പം താമസിച്ചതെന്നും, ഇതിനുശേഷം തന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചുവെന്നുമാണ് മകൾ കുറിപ്പിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ആറുവർഷമായി മകൾ കടുത്ത അവഗണനയും മാനസിക പീഡനവുമാണ് അനുഭവിച്ചതെന്നും, കെഞ്ചി കരഞ്ഞിട്ടുപോലും മരുമകൻ മകളെ സ്വീകരിച്ചില്ലെന്നും സജിത കുറിപ്പിൽ വ്യക്തമാക്കുന്നു. ഇനി അപമാനം സഹിക്കാനാവില്ലെന്നും തങ്ങളുടെ സ്വത്തുക്കളെല്ലാം ഒരു പെണ്ണിന്റെ ശാപം വീണതാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ നിലവിൽ നാട്ടിലുണ്ട്. മരിക്കുന്നതിന് മുൻപ് ബന്ധുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സജിതയും മകളും സന്ദേശമയച്ചിരുന്നു. വിവാഹമോചനം നേടാൻ ഭർത്താവ് സമ്മർദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. സംഭവത്തിൽ പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



