ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതികളായ എ. പത്മകുമാറിന്റെയും എൻ. വാസുവിന്റെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇതിനുപുറമെ ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്. കഴിഞ്ഞദിവസം ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലുമായി ഇരുപതോളം കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തിലായിരിക്കും അടുത്തഘട്ട അന്വേഷണം. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണ കവർച്ചയിലൂടെ വൻതോതിൽ സ്വത്ത് സമ്പാദിച്ചതായും ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ ക്രമക്കേട് നടത്തിയതായും സൂചനയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. എ. പത്മകുമാർ, ബി. മുരാരി ബാബു, ഗോവർദ്ധൻ എന്നിവരുടെ ജാമ്യഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം, പ്രത്യേക അന്വേഷണസംഘം (SIT) സന്നിധാനത്ത് ഇന്നും പരിശോധന തുടരും. ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളികളിലും സ്ട്രോങ്ങ് റൂമിലും കൊടിമരം മാറ്റിസ്ഥാപിച്ചതിലും നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.



