കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, അദ്ദേഹം താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തിൽ പ്രസിഡന്റ് ശ്വേത മേനോൻ പ്രതികരണം അറിയിച്ചു. ദിലീപിനെ തിരിച്ചെടുക്കണമെങ്കിൽ അദ്ദേഹം ആദ്യം അംഗത്വത്തിനായി അപേക്ഷ നൽകണമെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി താരം ഇക്കാര്യം പറഞ്ഞത്.
നിലവിൽ ദിലീപ് സംഘടനയിലെ അംഗമല്ലെന്നും അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു. കോടതി വിധി വന്ന ദിവസം തന്നെ 'അമ്മ'യുടെ നേതൃയോഗം കൊച്ചിയിൽ ചേർന്നതോടെ ദിലീപ് ഉടൻ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ സംഘടനയുടെ നിയമവശങ്ങളും മറ്റ് നടപടിക്രമങ്ങളും പരിശോധിച്ച ശേഷമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും നിയമവിദഗ്ധരുമായി ആലോചിക്കേണ്ടതുണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി.



