തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂർ സ്വർണ്ണക്കപ്പ് തിരിച്ചുപിടിച്ചു. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടമായ കിരീടം 1,023 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഇത്തവണ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായിരുന്ന ആതിഥേയരായ തൃശൂർ 1,018 പോയിന്റുകളുമായി രണ്ടാം സ്ഥാനം നേടി. തുടക്കം മുതൽ പുലർത്തിയ മികച്ച പ്രകടനം അവസാന നിമിഷം വരെ നിലനിർത്താൻ കഴിഞ്ഞതാണ് കണ്ണൂരിന് തുണയായത്. 249 മത്സരയിനങ്ങളുടെയും ഫലം പുറത്തുവന്നതോടെയാണ് കണ്ണൂരിന്റെ കിരീടനേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കൈവന്ന ഈ വിജയത്തിന്റെ ആഹ്ലാദത്തിലാണ് കണ്ണൂരിൽ നിന്നുള്ള കലാപ്രതിഭകൾ. തൃശൂരിൽ അരങ്ങേറിയ ഈ കലാമാമാങ്കത്തിന് ഇന്ന് വൈകിട്ടോടെ സമാപനമാകും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന നടൻ മോഹൻലാൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് സമ്മാനിക്കും.



