സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടിയും എം.പിയുമായ കങ്കണ റണൗട്ട് രംഗത്തെത്തി. റഹ്മാൻ കടുത്ത മുൻവിധികളും വിദ്വേഷവുമുള്ള വ്യക്തിയാണെന്നും, പ്രൊപ്പഗണ്ട ചിത്രമാണെന്ന് ആരോപിച്ച് തന്റെ 'എമർജൻസി' എന്ന സിനിമയുടെ കഥ കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും കങ്കണ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. ബിജെപിയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്ന് താൻ വലിയ വിവേചനം നേരിടുന്നുണ്ടെന്ന് കങ്കണ പറഞ്ഞു. എമർജൻസി ഒരു മികച്ച ചിത്രമാണെന്ന് നിരൂപകരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ അഭിപ്രായപ്പെട്ടിട്ടും, വെറുപ്പിന്റെ അന്ധത ബാധിച്ചതിനാൽ റഹ്മാൻ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് കങ്കണ കുറ്റപ്പെടുത്തി.
സിനിമാ മേഖലയിലെ പലരിൽ നിന്നും സമാനമായ അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നും കങ്കണ ആരോപിച്ചു. തനിക്ക് വസ്ത്രങ്ങളും ആഭരണങ്ങളും നൽകിയിരുന്ന ഡിസൈനർമാർ പോലും ഇപ്പോൾ സഹകരിക്കാൻ മടിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര സന്ദർശന വേളയിൽ ഡിസൈനർ മസാബ ഗുപ്തയുടെ സാരി ധരിച്ചതിന്റെ പേരിൽ ഉണ്ടായ ദുരനുഭവം കങ്കണ പങ്കുവെച്ചു. തന്റെ ബ്രാൻഡ് ഉപയോഗിക്കരുതെന്ന് ഡിസൈനർ ആവശ്യപ്പെട്ടതായും, ആ യാത്രയ്ക്കിടയിൽ വസ്ത്രം മാറാൻ കഴിയാതെ താൻ കാറിലിരുന്ന് കരഞ്ഞുവെന്നും കങ്കണ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ അടുത്ത സുഹൃത്തുക്കളായിരുന്നവർ പോലും തന്നെ കൈവിട്ടുവെന്നാണ് കങ്കണയുടെ വാക്കുകൾ.



