എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിലടിപ്പിച്ചത് യുഡിഎഫ് ആണെന്നും ഇനി എൻഎസ്എസുമായി കലഹത്തിനില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നസ്രാണി വരെയുള്ളവർ ഒരുമിച്ച് നിൽക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസുമായി പിണങ്ങിയിട്ട് ഒരു കാര്യവുമില്ലെന്നും ഇത്രയും കാലം കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുകയാണ് രാഷ്ട്രീയക്കാർ ചെയ്തതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിലാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. വർഗീയവാദികൾക്ക് കുടപിടിച്ചു കൊടുത്ത് അവരുടെ തണലിൽ നിൽക്കുന്നയാളാണ് സതീശനെന്നും, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് അദ്ദേഹം പയറ്റുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി.ഡി. സതീശനെ ഊളംപാറയ്ക്ക് അയക്കണമെന്നു വരെ പരിഹസിച്ച അദ്ദേഹം, സതീശന്റേത് രാജാവിനേക്കാൾ വലിയ രാജഭക്തിയാണെന്നും സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണ് വർഗീയവാദികളെ സംരക്ഷിക്കുന്നതെന്നും ആരോപിച്ചു.



