ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിലെ അപ്പീൽ നടപടികൾക്കായി ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞ് സിസ്റ്റർ റാണിറ്റ്. തങ്ങൾ ആവശ്യപ്പെട്ട വ്യക്തിയെ തന്നെ നിയമിച്ചതിൽ സന്തോഷമുണ്ടെന്നും പൊതുസമൂഹത്തിന്റെ വലിയ പിന്തുണ തനിക്കുണ്ടെന്നും സിസ്റ്റർ പ്രതികരിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരും അതിജീവിതയും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ തുടർന്നുള്ള നിയമപോരാട്ടങ്ങൾക്കാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നത്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 2018 സെപ്റ്റംബറിലാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. ഇന്ത്യയിൽ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലാകുന്ന ആദ്യ കത്തോലിക്കാ ബിഷപ്പാണ് ഇദ്ദേഹം. കേസിൽ നീതി ലഭിക്കാനായി ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾക്കും പിന്തുണയ്ക്കും സിസ്റ്റർ റാണിറ്റ് നന്ദി അറിയിച്ചു.



