ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. പ്രോസിക്യൂഷന്റെ പ്രത്യേക ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിൽ വാദം നടന്നത്. രാഹുലിനെതിരെ സമാനമായ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്നും പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ നിരന്തരം പരാതികൾ ഉയരുന്നത് ഗൗരവകരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത് കെട്ടിച്ചമച്ച പരാതിയാണെന്നും എല്ലാം പരസ്പര സമ്മതപ്രകാരമാണ് നടന്നതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ കോടതിയിൽ വാദിച്ചത്. ഇരുവരും തമ്മിലുള്ള ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പ്രതിഭാഗം തെളിവായി ഹാജരാക്കി. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയായ രാഹുൽ ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകില്ലെന്നും അറസ്റ്റ് നടപടികളിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ ഗുരുതര ആരോപണങ്ങൾ അടങ്ങിയ മൂന്നാമത്തെ കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.



