മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിലാണ് സ്കൂൾ യൂണിഫോം ധരിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രായപൂർത്തിയാകാത്ത പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കിടന്നിരുന്ന സ്ഥലം കാണിച്ചു കൊടുത്തത്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പീഡനത്തിന് ഇരയാക്കിയതായും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ സ്കൂൾ പടിയിൽ ബസിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.



