തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവരുന്ന വാർത്തകൾ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത വിധം ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി. കൊല്ലം എം.എൽ.എ മുകേഷിനെതിരായ ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിന് സമാനമല്ലെന്ന് അവർ തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയക്കാർക്കെതിരെ പീഡന പരാതികൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്രയും ഭീകരമായ രീതിയിലുള്ള ക്രിമിനൽ മനോഭാവം രാഹുലിന്റെ കാര്യത്തിലാണ് ആദ്യമായി കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളെ വസ്തുവായി കാണുന്ന മനോഭാവം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അനുവദിക്കില്ലെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പാർട്ടി എന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. മുകേഷിനെതിരായ പരാതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘടന പ്രതികരിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അവർ അറിയിച്ചു. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടികളോട് ചെയ്ത കാര്യങ്ങൾ അത്യന്തം ഗൗരവകരമാണെന്നും അവർ പ്രതികരിച്ചു.



