ദൈവനാമത്തിന് പകരം വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സിപിഐഎം കൗൺസിലർ എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ദൈവനാമത്തിന് പകരം ഓരോരുത്തരും ഇഷ്ടപ്പെട്ട ദൈവങ്ങളുടെ പേരുകൾ പറയുന്നത് നിയമപരമായി എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ജി.എസ്. ആശാനാഥ്, ചെമ്പഴന്തി ഉദയൻ, ആർ. സുഗതൻ തുടങ്ങിയ കൗൺസിലർമാർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. ഇവരുടെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിനോ ഓണറേറിയം കൈപ്പറ്റുന്നതിനോ വിലക്കേർപ്പെടുത്തണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.



