നടിയെ ആക്രമിച്ച കേസിൽ വിധി വന്ന ദിവസം പ്രതി ദിലീപ് കോടതിയിലെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന് പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജിനെതിരെ കേസെടുക്കാൻ പോലീസ് നിർദ്ദേശം നൽകി. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം സെൻട്രൽ പോലീസിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഡിസംബർ എട്ടിന് കേസിന്റെ വിധി വന്നതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിനിടെയായിരുന്നു ചാൾസ് ജോർജ് ഈ വിവാദ പരാമർശം നടത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അധിക്ഷേപിക്കുന്നതും നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതുമാണ് ഈ പ്രസ്താവനയെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകനായ പി.ജെ. പോൾസൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. തെറ്റായ ധാരണകൾ മൂലമാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് പിന്നീട് ചില വിശദീകരണങ്ങൾ വന്നിരുന്നെങ്കിലും, കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി കേസുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.



