ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയുൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിച്ചു. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണെന്ന സിസ്റ്റർ റാണിറ്റിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ജില്ലാ സപ്ലൈ ഓഫീസർ മഠത്തിൽ നേരിട്ടെത്തിയാണ് കാർഡുകൾ കൈമാറിയത്. സഭാ നേതൃത്വത്തിന്റെ നിശബ്ദത വേദനിപ്പിക്കുന്നുണ്ടെന്നും എന്നാൽ സർക്കാരിന്റെ പിന്തുണയിൽ വിശ്വാസമുണ്ടെന്നും സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിലും നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി ഉന്നയിക്കുന്ന ഈ ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും, 'അവൾക്കൊപ്പം' എന്ന വാഗ്ദാനം പ്രവർത്തിയിലാണ് കാണേണ്ടതെന്നും കന്യാസ്ത്രീകൾ ഓർമ്മിപ്പിച്ചു.
അതേസമയം, ഹൈക്കോടതിയിൽ സാധാരണഗതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്നാണ് നിയമമന്ത്രി പി. രാജീവ് ഇതിനോട് പ്രതികരിച്ചത്. സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളെ അതിജീവിക്കുമെന്ന് പറഞ്ഞ സിസ്റ്റർ റാണിറ്റ്, നീതിക്കായി പോരാടുമെന്ന് ആവർത്തിച്ചു. നേരത്തെ, അതിജീവിതയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് നിരീക്ഷിച്ചാണ് കോട്ടയം വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത്.



