നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയുടെ പരസ്യ വിമർശനത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. കോടതിയിൽ ഇരുന്നു ഉറങ്ങാറുണ്ടെന്ന ജഡ്ജിയുടെ പരാമർശം തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും ഇത് വിചാരണക്കോടതിയുടെ പതിവ് രീതിയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ടി.ബി. മിനിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. മിനി വിചാരണ ഘട്ടത്തിൽ പത്തുദിവസത്തിൽ താഴെ മാത്രമേ കോടതിയിൽ എത്തിയിട്ടുള്ളൂവെന്നും, എത്തുന്ന സമയങ്ങളിൽ അരമണിക്കൂർ തികച്ച് ഇരിക്കാറില്ലെന്നും ആ സമയം ഉറങ്ങാറാണ് പതിവെന്നും ജഡ്ജി പരാമർശിച്ചിരുന്നു.
ജൂനിയർ അഭിഭാഷക കോടതിയിൽ ഹാജരായ സമയത്തായിരുന്നു ജഡ്ജിയുടെ ഈ പരാമർശങ്ങൾ. എന്നാൽ വിചാരണക്കോടതിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഹൈക്കോടതിയിൽ കേസുകൾ ഉള്ളതിനാലാണ് ചില ദിവസങ്ങളിൽ ഹാജരാകാതിരുന്നതെന്നും ടി.ബി. മിനി വ്യക്തമാക്കി. വിധി വരുന്നതിന് മുൻപും ശേഷവും ടി.ബി. മിനി വിചാരണക്കോടതിയുടെ നടപടികളെ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും പരസ്യമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.



